സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ചൈനയുടെ ശതാബ്ദി ആഘോഷങ്ങളിൽ മൗനം

ന്യൂഡൽഹി: അമേരിക്കയ്ക്കും പ്രസിഡന്റ് ജോ ബൈഡനും ആശംസകൾ അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. 245-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അമേരിക്കൻ ജനതയ്ക്ക് ആശംസകൾ. ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്ട്രങ്ങളെന്ന നിലയ്ക്ക് ഇന്ത്യയും അമേരിക്കയും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ പങ്കിടുന്നു. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് ആഗോള പ്രാധാന്യമുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം മൂന്ന് ദിവസം മുൻപ് മൂന്ന് ദിവസം മുമ്പ് ശതാബ്ദി പിന്നിട്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചിട്ടില്ല. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാത്രമാണ് ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ഇടയിൽ നിന്നും ചൈനയ്ക്ക് ആശംസകൾ അറിയിച്ചത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതിൽ ചൈന വലിയ വിജയമാണ് നേടിയതെന്നും ചൈനീസ് സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും വീണ്ടും വളർച്ചയുടെ പാതയിലേക്കു നയിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയ്ക്ക് കഴിഞ്ഞെന്നും സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

ദശകങ്ങൾ നീണ്ട പരിഷ്‌കരണ നടപടികളിലൂടെ 2020 ആയപ്പോഴേക്കും ദാരിദ്ര്യം പൂർണമായി തുടച്ചു നീക്കാൻ ചൈനയ്ക്കു കഴിഞ്ഞു. തൊഴിലില്ലായ്മയും ഗണ്യമായി കുറയ്ക്കാനും. ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യരക്ഷാ സംവിധാനങ്ങളും പടുത്തുയർത്താനും സാധിച്ചു. അസമത്വവും അഴിമതിയും തുടച്ചുനീക്കാനും ജീവിതനിലവാരം ഉയർത്താനുമുള്ള പരിശ്രമങ്ങളാണ് ചൈന തുടരുന്നത്. 2049 നകം ഏറ്റവും വികസിതമായ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനാണ് ചൈനയുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശതാബ്ദി ആഘോഷത്തിന് ഇന്ത്യൻ നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ മൗനം ചൈനയ്ക്കുള്ള ശക്തമായ സന്ദേശമാണെന്നാണ് വിദഗ്ധർ പറയുന്നത്. ലഡാക്ക് അതിർത്തിയിലുണ്ടായ സംഘർഷവും അതിർത്തി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചൈനയും ഇന്ത്യയും തമ്മിൽ ഏറെ നാളായി അഭിപ്രായ ഭിന്നതയിലാണ്.