സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്; ഭീകര പ്രവർത്തനത്തിന് വരെ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തു

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ നടന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് റെയ്ഡുമായി ബന്ധപ്പെട്ടാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. അന്താരാഷ്ട്ര ഫോൺ കോളുകളെ മാറ്റിമറിച്ച് ഭീകര പ്രവർത്തനത്തിന് വരെ ഉപയോഗിക്കാവുന്ന നിരവധി ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തതായാണ് വിവരം.

എഴുന്നൂറിൽ അധികം സിം കാർഡുകളും നിരവധി കോൾ റൂട്ടിംഗ് ഡിവൈസുകളും ഇൻവേർട്ടർ ബോക്സുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ആറു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടുപേർ ഒളിവിലാണെന്നും അധികൃതർ അറിയിച്ചു.

റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. സമാന്തര ഫോൺ എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിലുള്ള ലക്ഷ്യം എന്തൊക്കെയാണെന്ന് കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. സ്വർണക്കടത്തോ ഭീകരപ്രവർത്തനമോ ആയി സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.

കോഴിക്കോട് നഗരത്തിലെ ആറ് സ്ഥലങ്ങളിലായാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. കസഭ അംശം സഭ സ്‌കൂളിന് സമീപമുള്ള കെ.എം.എ ബിൽഡിങ്ങിന്റെ മൂന്നാം നിലയിലുള്ള മുറി, കോട്ടപറമ്പ് എ.യു.സി ബിൽഡിങ്ങിന്റെ എട്ടാം നമ്പർ മുറി, മൂര്യാട് ഉള്ള മുഹമ്മദ് ഹാജി ബിൽഡിങ്ങിലെ ഒന്നാം നിലയിലെ മുറി, കരിയാംകുന്ന് ശ്രീനിവാസ് ലോഡ്ജിന് വടക്കുവശമുള്ള കെട്ടിടത്തിലെ ഒന്നാം നിറയിലെ മുറി, ചെറിയ മാങ്കാവ് കോവിലകം റോഡിലെ വടക്കുവശം സ്ഥിതി ചെയ്യുന്ന വി.ആർ.എസ് കോംപ്ലക്സ് കെട്ടിടത്തിലെ തെക്കുപടിഞ്ഞാറുള്ള മുറി, മെഡിക്കൽ കോളേജ് പരിധിയിലെ മറ്റൊരു കെട്ടിടം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയത്.