തിരുവനന്തപുരം: അന്വേഷണ ആവശ്യങ്ങൾക്കായി ആധാർ വിവരങ്ങൾ പങ്കിടില്ല. ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയാണ് (യുഐഡിഎഐ) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു മലയാള സിനിമയിൽ ആധാറിനെ തെറ്റായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.
ചിത്രത്തിൽ യുഐഡിഎഐ ഒരു വ്യക്തിയുടെ ആധാർ കാർഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരുമായി പങ്കിടുന്നുവെന്നാണ് കാണിച്ചിരുന്നത്. എന്നാൽ ഇത് പൂർണ്ണമായും തെറ്റാണെന്നാണ് അധികൃതർ പറയുന്നത്. ആധാറിനെകുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ഇത് കാരണമാകുമെന്ന് യുഐഡിഎഐ വിശദമാക്കി.
ഒരു വ്യക്തിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആധാർ നിയമത്തിൽ പറഞ്ഞിട്ടുള്ളതൊഴികെ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഗവൺമെന്റ് വകുപ്പുകൾക്കോ പങ്കിടരുതെന്നാണ് വ്യവസ്ഥ. യുഐഡിഎഐയ്ക്ക് ആധാർ നിയമം ബാധകമാണ്. അതിനാൽ തന്നെ വ്യക്തിയുടെ ബയോമെട്രിക് വിശദാംശങ്ങൾ ഒരു വ്യക്തിയുമായോ സ്ഥാപനവുമായോ പങ്കിടില്ലെന്നാണ് അധികൃതർ വ്യക്തമാക്കി. ആധാർ നമ്പർ സൃഷ്ടിക്കുകയല്ലാതെ കോർ ബയോമെട്രിക് വിശദാംശങ്ങൾ ഒരു ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയില്ല. ആധാർ നമ്പർ സൃഷ്ടിച്ചതിന് ശേഷം ഓതന്റിക്കേഷനിലൂടെ വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനായി മാത്രമേ ഈ നിയമം അനുശാസിക്കുന്നുള്ളൂവെന്നും യുഐഡിഎഐ പറഞ്ഞു.
ഇ-കെവൈസി, ഓതന്റിക്കേഷൻ ആവശ്യങ്ങൾക്കായി ഒരു ഇ-കെവൈസിക്കായുള്ള ഓതന്റിക്കേഷൻ അഭ്യർത്ഥനയ്ക്ക് മറുപടിയായി ഡെമോഗ്രാഫിക് ഡാറ്റയായ പേര്, വിലാസം, ജനനത്തീയതി, ഫോട്ടോഗ്രാഫ്, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ രജിസ്റ്റർ ചെയ്ത അഭ്യർത്ഥന എന്റിറ്റിയുമായി പങ്കിടുന്നു. എന്നാല് ഇത് തീർത്തും സുരക്ഷിതമാണ്. ആധാർ ഉടമയിൽ നിന്ന് സമ്മതം വാങ്ങിയ ശേഷമാണ് ഇത്തരമൊരു പ്രക്രിയ നടക്കുന്നത്. നിലവിൽ ഈ സൗകര്യം ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കാരണം ഈ സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കളുടെ ഐഡന്റിറ്റി ഇ-കെവൈസി വഴി സ്ഥാപിക്കുന്നത് നിർബന്ധമാണ്.
1.25 ബില്യണിലധികം പേരുടെ ഐഡന്റിറ്റി സംബന്ധിച്ച വിവരങ്ങൾ ഏൽപ്പിച്ചിരിക്കുന്ന ഒരു അതോറിറ്റിയെ സിനിമയിൽ തെറ്റായി ചിത്രീകരിച്ചതിനെ ശക്തമായി അപലപിക്കുകയാണെന്ന് യുഐഡിഎഐ വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് യുഐഡിഎഐ പ്രതിജ്ഞാബദ്ധമാണെന്നും സാങ്കൽപ്പികവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്നും ആധാർ വിശദാംശങ്ങൾ ഏതെങ്കിലും പൊതുഇടങ്ങളിൽ പങ്കിടരുതെന്നും യുഐഡിഎഐ കൂട്ടിച്ചേർത്തു.

