ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മില്‍ നാളുകളായി രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ സിദ്ദുവിനു പുതിയ ചുമതല നല്‍കി പ്രശ്‌നം ഒത്തും തീര്‍പ്പാക്കാനാണു ശ്രമമെന്നും സിദ്ദു ഇതിനു സമ്മതം മൂളിയതുമായാണു റിപ്പോര്‍ട്ടുകള്‍.
നാല് മണിക്കൂര്‍ നീണ്ട് നിന്ന കൂടിക്കാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുമായി നടന്നത്. പിന്നീട് ബുധനാഴ്ച രാത്രി 7.30ഓടെയായിരുന്നു രാഹുലുമായുള്ള കൂടിക്കാഴ്ച. സിദ്ദുവിനെ ഉപമുഖ്യമന്ത്രിയോ പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റോ ആക്കുന്നതിനോടു യോജിപ്പില്ലെന്ന് അമരീന്ദര്‍ സിങ് നേരത്തേ പറഞ്ഞിരുന്നു. മന്ത്രിസഭയില്‍നിന്നു രാജിവച്ചതായി 2019ല്‍ സിദ്ദു പ്രഖ്യാപിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തുവന്നത്.

