സാമ്പത്തികഞെരുക്കത്തിലായ ക്ഷേത്രങ്ങള്‍ക്ക് സഹായവുമായി ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതി

guruvayoor

ഗുരുവായൂര്‍: കോവിഡ് കാലം എല്ലാ മേഖലകളേയും വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല ക്ഷേത്രങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രമല്ല നിത്യനിദാനമായി മുടങ്ങാത്ത പൂജകള്‍ വരെ മുടങ്ങുന്ന സ്ഥിതിയായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സഹായകമായൊരു നിലപാട് കൈക്കൊണ്ടിരിക്കുകയാണ് ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതി.

വരുമാനമില്ലാതെ സാമ്പത്തിക ഞെരുക്കത്തിലായ സംസ്ഥാനത്തെ 1000 ക്ഷേത്രങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കാന്‍ ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. ഒരു ക്ഷേത്രത്തിന് 10,000 രൂപ വീതമാകും അനുവദിക്കുന്നത്. ഇത്തരത്തില്‍ സഹായം ആവശ്യമുള്ള ക്ഷേത്രങ്ങള്‍ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കണം. ഇതിനായുളള വിവരങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേവസ്വം യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.