ലോകാരോഗ്യ സംഘടനയിൽ കാതലായ പരിഷ്‌കാരങ്ങൾ നടപ്പാക്കേണ്ടത് അടിയന്തിര ആവശ്യം; ഷാങ്ഹായി സഹകരണ സംഘടനയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ആരോഗ്യമേഖലയിൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രധാന്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ലോകാരോഗ്യ സംഘടനയിൽ കാതലായ പരിഷ്‌കാരങ്ങൾ നടപ്പാക്കേണ്ടത് അടിയന്തിര ആവശ്യമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഷാങ്ഹായി സഹകരണ സംഘടനയിലെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ആരോഗ്യ മേഖലയിലെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ തമ്മിൽ വലിയതോതിലുള്ള സഹകരണം വേണ്ടതിന്റെ ആവശ്യകത കോവിഡ് മഹാമാരി വെളിവാക്കി. നമ്മുടെ അനുഭവങ്ങൾ, അറിവുകൾ, മികച്ച മാതൃകകൾ, നൂതനാശയങ്ങൾ എന്നിവ പൊതുജനാരോഗ്യ സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിനായി പരസ്പരം കൈമാറേണ്ടത് അഭികാമ്യമാണ്. പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപത്തിന് മികച്ച പരിഗണന നൽകുന്നതിനൊപ്പം ആഗോള പങ്കാളിത്തങ്ങളെ തുടർച്ചയായി ശാക്തീകരിക്കുകയും വെല്ലുവിളികൾ ഒഴിവാക്കുകയും ലഘൂകരിക്കുകയും വേണം. ആരോഗ്യ പ്രവർത്തകരുടെ ലഭ്യത, മികച്ച വിന്യാസം എന്നിവയ്ക്കായുള്ള സ്ഥാപന ചട്ടക്കൂടിന് രൂപം നൽകേണ്ടതിനായി ബഹുമുഖതല സമീപനം ആവശ്യമാണെന്നെന്നും അദ്ദേഹം വിശദീകരിച്ചു.

ഭാവിയിൽ മഹാമാരികൾ ഉണ്ടാകാൻ ഇടയായാൽ സമയോചിതവും, കേന്ദ്രീകൃതവും, മികച്ചതുമായ പ്രതികരണം ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യ വൈദ്യവുമായി ബന്ധപ്പെട്ട ഒരു വിദഗ്ധ കർമ്മ സംഘം ഷാങ്ഹായി സഹകരണ സംഘടനയ്ക്ക് കീഴിൽ രൂപീകരിക്കണമെന്ന നിർദ്ദേശം ഇന്ത്യ നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു.