സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷൻ വിതരണവും; റിസർവ് ബാങ്കിൽ നിന്നും 3000 കോടി രൂപ കേരളം കടമെടുക്കുന്നു

തിരുവനന്തപുരം: റിസർവ് ബാങ്കിൽ നിന്നും 3000 കോടി രൂപ കടമെടുക്കാനൊരുങ്ങി സർക്കാർ. സർക്കാർ ജീവനക്കാർക്ക് ശമ്പളവും വിരമിച്ചവർക്കു പെൻഷനും വിതരണം ചെയ്യാൻ വേണ്ടിയാണ് കടമെടുക്കൽ. റിസർവ് ബാങ്കിലെ ലേലത്തിലൂടെ 25 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 35 വർഷത്തെ തിരിച്ചടവിൽ 1,000 കോടി രൂപയുമാണ് കടമെടുക്കുന്നത്.

14 സംസ്ഥാനങ്ങളാണ് റിസർവ് ബാങ്കിലെ ഇന്നത്തെ കടമെടുപ്പിൽ പങ്കെടുക്കുന്നത്. ഇതിൽ ഏറ്റവും അധികം തുക വായ്പയായി ആവശ്യപ്പെട്ടിരിക്കുന്ന സംസ്ഥാനം കേരളമാണ്. സംസ്ഥാന സർക്കാരിനു കടമെടുക്കാൻ ഈ വർഷം കേന്ദ്രം അനുവദിച്ചിരിക്കുന്നത് 36,800 കോടി രൂപയാണ്.

സംസ്ഥാനത്ത് പുതിയ സെർവർ സ്ഥാപിച്ച ശേഷമുള്ള ആദ്യ ശമ്പള, പെൻഷൻ വിതരണമാണ് വ്യാഴാഴ്ച്ച ആരംഭിക്കുന്നത്. അതേസമയം 80 വയസു കഴിഞ്ഞവർക്ക് പെൻഷനൊപ്പം അനുവദിച്ച സ്പെഷൽ കെയർ അലവൻസ് കിട്ടുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് സ്‌പെഷ്യൽ കെയർ അലവൻസ് നൽകാൻ ആരംഭിച്ചത്. എന്നാൽ, പ്രായം തെളിയിക്കുന്ന രേഖ ട്രഷറിയിൽ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒട്ടേറെ പേർക്ക് ആ ആനുകൂല്യം നൽകുന്നില്ലെന്നാണ് പൊതുവെ ഉയരുന്ന പരാതി.