സ്പീക്കറുടെ പേരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്‌

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എം.ബി. രാജേഷിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടക്കുന്നതായി പരാതി. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. പ്രവീൺ ബാലചന്ദ്രൻ എന്നയാളാണ് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നത്. ഇക്കാര്യം വ്യക്തമാക്കി സ്പീക്കറുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകി.

തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ ഫോണിൽ ബന്ധപ്പെട്ട് കാര്യം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ നിരവധി പേരിൽ നിന്നും ഇത്തരത്തിൽ പണം കൈപ്പറ്റുന്നതായി അറിയാൻ കഴിഞ്ഞുവെന്നും സർക്കാർ ജോലി വാഗ്ദാനം ചെയ്തു കൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേർ തട്ടിപ്പിനിരയായെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചുവെന്നും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസ് മുന്നറിയിപ്പ് നൽകി.