ചെന്നൈ: കോവിഡ് രോഗികളിൽ 2 ഡിഓക്സി ഡി ഗ്ലൂക്കോസിന് (2ഡിജി) അത്ഭുതം സൃഷ്ടിക്കാനാകുമെന്ന അവകാശ വാദവുമായി അനുഭവസ്ഥർ. തെളിവുകൾ സഹിതം ഇതു സ്ഥാപിക്കാൻ തയാറാണെന്ന വാദവുമായാണ് അനുഭവസ്ഥർ രംഗത്തെത്തിയിരിക്കുന്നത്. കോവിഡും അനുബന്ധ രോഗങ്ങളും മൂലം മരിക്കുമെന്നു കരുതിയ യുവതി മരുന്നിന്റെ 30 പായ്ക്കറ്റ് ഉപയോഗിച്ചതോടെ ജീവിതത്തിലേക്കു തിരിച്ചുവന്നെന്നും ഇതു തെളിയിക്കാൻ ചികിത്സിച്ച ഡോക്ടറെ അടക്കം മുന്നിൽ നിർത്താമെന്നുമാണ് അവകാശവാദം. ഇത്തരം വാദവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ഉപസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് നിർമിച്ച, ഒആർഎസ് ലായനി പോലെ വെള്ളത്തിൽ അലിയിച്ചു കഴിക്കാവുന്ന പൊടിരൂപത്തിലുള്ള മരുന്നാണ് 2-ഡിജി. സാധാരണ കോവിഡ് ചികിത്സയിൽ ലഭിക്കുന്ന രോഗമുക്തി രണ്ടര ദിവസം വരെ നേരത്തേയാക്കുന്നുവെന്നതാണു ഇതിന്റെ പ്രധാന നേട്ടം. ഗുരുതര കോവിഡ് രോഗികൾക്കു കൃത്രിമമായി വേണ്ടിവരുന്ന ഓക്‌സിജന്റെ അളവ് 40% വരെ കുറയാക്കാനും ഈ മരുന്ന് സഹായിക്കും.
ഗുരുതര, ഇടത്തരം വൈറസ് ബാധയുള്ളവരിലെ ചികിത്സയ്ക്കാണു 2-ഡിജി മരുന്ന് ഉപയോഗിക്കുക. വൈറസ് ബാധയേറ്റ കോശങ്ങൾ മാത്രമേ മരുന്നിനെ ആഗിരണം ചെയ്യൂ. ഇതു സ്വീകരിക്കുന്നതോടെ, കോശങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജോൽപാദനം നിലക്കുകയും വൈറസ് ബാധയേറ്റ കോശങ്ങൾ നശിക്കുകയും രോഗബാധ ഒഴിവാകുകയും ചെയ്യും. ഗ്ലൂക്കോസ് തന്മാത്രകളിൽ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്‌സി ഡി ഗ്ലൂക്കോസ് നിർമിക്കുന്നത്. 30 ആശുപത്രികളിലെ കോവിഡ് രോഗികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മരുന്നിന് അനുമതി നൽകിയത്.
അതേസമയം 2-ഡിജി കോവിഡ് രോഗികൾക്കു നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത മരുന്ന് രോഗികളിൽ പരീക്ഷിക്കരുതെന്നാണാണ് ഇവർ പറയുന്നത്.

