ഐഎസ്ആര്‍ഒ ചാരക്കേസ് : നമ്പി നാരായണന്‍ നാളെ സിബിഐയ്ക്ക് മൊഴി നല്‍കും

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പരാതിക്കാരനായ നമ്പി നാരായണന്‍ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ അന്വേഷണസംഘത്തിന് നാളെ മൊഴി നല്‍കും. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായേക്കുമെന്നാണ് വിവരം. ഡല്‍ഹി സ്‌പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ഡിഐജി സന്തോഷ് ചാല്‍ക്കേ ഇന്ന് എത്തും. തിരുവനന്തപുരം സിബിഐ ഓഫീസിലായിരിക്കും പ്രവര്‍ത്തനം. പ്രതിയാക്കപ്പെട്ടവര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കും.

ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസ് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്. 18പേരെ പ്രതിചേര്‍ത്ത് സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐയായിരുന്ന എസ് വിജയനാണ് ഒന്നാംപ്രതി, രണ്ടാം പ്രതി വഞ്ചിയൂര്‍ എസ്‌ഐയായിരുന്ന തമ്പി എസ് ദുര്‍ഗാദത്ത്, നാലാം പ്രതി ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസ്, ഏഴാം പ്രതി ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാര്‍, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി ആര്‍ രാജീവന്‍, കെ കെ ജോഷ്വ എന്നിവരടക്കമാണ് പതിനെട്ട് പ്രതികള്‍.