തിരുവനന്തപുരം: ആണ്‍കുട്ടികളുള്ള വീട്ടിലെ സ്ത്രീധന തുലാസ് പിടിച്ചെടുക്കുകയാണ് വേണ്ടതെന്ന് ചലച്ചിത്രതാരം സലീം കുമാര്‍ പറഞ്ഞു. ഡി വൈ എഫ് ഐ സംഘടിപ്പിച്ച യുവജന ജാഗ്രത സദസില്‍ സംസാരിക്കുകയായിരുന്നു സലീം കുമാര്‍.
സലിം കുമാറിന്റെ വാക്കുകള്‍
മലയാളികള്‍ മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താല്‍ മാത്രമേ സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍ ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. ആ തുലാസ് പിടിച്ചെടുക്കുകയാണ് വേണ്ടത്. എനിക്ക് രണ്ട് ആണ്മക്കളാണ്. ഞാന്‍ മേടിച്ചു വച്ച സ്ത്രീധന തുലാസ് ഇന്ന് ഒഴിവാക്കുകയാണ്.
ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. പ്രതിഷേധമാകുന്ന ആ വെള്ളത്തെ തളം കെട്ടി നിര്‍ത്തി തിരിച്ചുവിടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. യുവജന രാഷ്ട്രീയപാര്‍ട്ടികള്‍ ഈ പ്രശ്നം ഏറ്റെടുക്കുന്നതു കാണുമ്പോള്‍ സന്തോഷമാണ്.

