ക്വട്ടേഷന്‍കാരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍ : സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ സംരക്ഷണത്തിനോ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം വേണ്ടെന്നും, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഇത്തരം ആളുകളുടെ പാര്‍ട്ടികളും ബഹുജന സംഘടനകളും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇത്തരം സാമൂഹ്യതിന്മകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പോലീസും കോടതിയുമാണ്. ചിലയിടങ്ങളിലെ സാമ്പത്തിക ഇടപാടുകളില്‍ മദ്ധ്യസ്ഥം വഹിക്കാന്‍ ക്വട്ടേഷന്‍കാരില്‍ ചിലര്‍ രംഗത്തുവരാറുണ്ട്. ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് ബലാല്‍ക്കാരമായിട്ടാണ് മദ്ധ്യസ്ഥവും തീരുമാനവും നടപ്പാക്കുന്നത്. ചില ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സൈബര്‍ പോരാളികളെപ്പോലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. ശുഭ്രവസ്ത്രം ധരിച്ച് രംഗത്തുവന്നാലൊന്നും ക്വട്ടേഷന്‍കാരുടെ വികൃതമുഖം ഇല്ലാതാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളസ്വര്‍ണ്ണ വാഹകര്‍ക്ക് ജില്ലയില്‍ ഏജന്റുമാരുമുണ്ട്. അത്തരം ചിലരും ക്വട്ടേഷന്‍കാരും അതിവേഗം സമ്പന്നരായി മാറുന്നു. മണിമാളികകള്‍ പണിയുന്നു. ഇത്തരക്കാര്‍ സാമൂഹ്യദ്രോഹികളാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.