തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സമാഹരിച്ച പണത്തിൽ 1000 കോടി രൂപയിലധികം ചെലവാകാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ടിൽ. പ്രളയ ദുരിതാശ്വാസത്തിനായി അയ്യായിരത്തോളം കോടി രൂപയാണ് ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്നും സമാഹരിച്ചത്. ഇതിൽ 1030 കോടി രൂപയോളമാണ് ചെലവാകാതെ കിടക്കുന്നത്.
സെക്രട്ടേറിയറ്റിനടുത്തുള്ള എസ്.ബി.ഐ ബാങ്കിൽ പ്രത്യേക അക്കൗണ്ടിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അക്കൗണ്ടിന്റെ ഉടമ. റവന്യൂവകുപ്പിൽ നിന്നുമുള്ള ഉത്തരവ് ലഭിച്ച ശേഷം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചെക്ക് ഒപ്പിട്ട് പണം നൽകുന്നത്.
2018 ലെ പ്രളയത്തിലും 2019 ൽ പ്രളയസമാന സാഹചര്യത്തിലും സാലറി ചലഞ്ചായി ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പണം പിരിച്ചിരുന്നു. നാട്ടുകാരും കോർപറേറ്റുകളും നൽകിയ സഹായത്തിന് പുറമെ മദ്യത്തിന്റെ സെസും ഉത്സവബത്തയും പ്രളയസഹായത്തിന് വകമാറ്റിയിരുന്നു. ഇത്തരത്തിലെല്ലാം കൂടി ആകെ ലഭിച്ചത് 4912.45 കോടി രൂപയായിരുന്നു. 3881.94 കോടി രൂപ കഴിഞ്ഞ വർഷം മാർച്ച് വരെ ആകെ ചെലവാക്കി. പിന്നീട് ഈ തുക സർക്കാർ ചെലവഴിച്ചിട്ടില്ല. 1030.51കോടി ചെലവാക്കാത്തത് സംബന്ധിച്ച് സർക്കാർ ഇതുവരെ വിശദീകരണവും നൽകിയിട്ടില്ല.
നിലവിൽ ദുരിതാശ്വാസ നിധിയിലേക്ക് വരുന്നതും ചെലവാക്കുന്നതുമെല്ലാം കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ളതാണ്. വാക്സിൻ ചലഞ്ചിലേക്ക് ഇതുവരെ 774.38 കോടി രൂപയാണ് ലഭിച്ചത്.
വീടും സ്ഥലവും നഷ്ടമായവർക്ക് 2538.90 കോടി രൂപയും കർഷകർക്ക് 54 കോടി രൂപയും ഭക്ഷ്യകിറ്റ് വിതരണത്തിനായി 94.32 കോടിയും ചെറുകിട വ്യവസായികൾക്ക് 19.16 കോടിയും വ്യാപാരികൾക്ക് 5.4കോടിയും കുടുംബശ്രീ വഴി 261.06 കോടി രൂപയുമാണ് ചെലവാക്കിയത്.

