എത്ര പണം ചോദിച്ചാലും തരാന്‍ കെ.സുരേന്ദ്രന്‍ തയ്യാറായിരുന്നുവെന്ന് പ്രസീത

കണ്ണൂര്‍: സി.കെ ജാനുവിന് പത്ത് ലക്ഷത്തിന് പുറമേ 25 ലക്ഷം കൂടി ലഭിച്ചുവെന്ന് ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത. എത്ര പണം ചോദിച്ചാലും തരാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തയ്യാറായിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി. കെ.സുരേന്ദ്രനുമായുള്ള പുറത്തുവന്ന പുതിയ ഫോണ്‍ സംഭാഷണങ്ങള്‍ തന്റേത് തന്നെയെന്ന് പ്രസീത സ്ഥിരീകരിച്ചു.

പ്രശാന്ത് മലയവയല്‍ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതില്‍ മുകളില്‍ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാര്‍ഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള് സ്ഥാനാര്‍ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നും പറഞ്ഞു. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ സി.കെ ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞു.

സി.കെ.ജാനുവിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് ഒരു പുകഞ്ഞ കൊള്ളിയാണ്. അത് പുറത്ത് തന്നെയാണ്. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരില്‍ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത പറഞ്ഞു. സി.കെ.ജാനുവിന് ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ വോട്ട് ഗണ്യമായി കുറഞ്ഞു താമര ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍. വോട്ട് കുറഞ്ഞത് സംബന്ധിച്ച് വിലയിരുത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ സി.കെ.ജാനു തന്നെ ഇങ്ങോട്ട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്. വോട്ട് മറിച്ച ആളുമായി സി.കെ.ജാനു കൂടുതല്‍ സൗഹൃദത്തിലായ കാഴ്ചയും കണ്ടു. കേരളത്തില്‍ വോട്ട് കുറഞ്ഞതില്‍ സന്തോഷിക്കുന്ന ഏക സ്ഥാനാര്‍ഥി സി.കെ.ജാനുവാണ്.

എത്ര വേണമെങ്കിലും പണം തരാന്‍ ബിജെപി തയ്യാറാണ്. എത്രയാണ് വേണ്ടതെന്ന് നിങ്ങള് പറഞ്ഞോളൂവെന്ന് സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കൊപ്പം നിന്നാല് കൂടുതല്‍ പണം കിട്ടും. അതുകൊണ്ട് പൈസ കിട്ടാത്തത് കൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ വെളിപ്പെടുത്തല്‍ നടത്തുന്നതെന്ന് പറയുന്നത് ശരിയല്ല. തന്നെ സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ വിശദീകരണം നല്‌കേണ്ടതുണ്ട്. കെ.സുരേന്ദ്രനുമായി സംസാരിക്കാന്‍ പാര്‍ട്ടി എന്നെയാണ് ഏല്‍പ്പിച്ചതെന്ന് പ്രസീത പറഞ്ഞു.