കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. പ്രതിയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. ആറ് മാസത്തേക്ക് അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. കേസിലെ അന്വേഷണ പുരോഗതി അനുസരിച്ചായിരിക്കും ബാക്കിയുള്ള നടപടി. സംഭവത്തില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. വിസ്മയയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതികളാക്കുമെന്നും ഡിജിപി അറിയിച്ചു.
2021-06-23

