സ്വർണ്ണക്കടത്ത് കേസ്; സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കസ്റ്റംസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കസ്റ്റംസ്. സരിത്തിനേയും സ്വപ്നയേയും കരുക്കളാക്കി യു.എ.ഇ. കോൺസൽ ജനറൽ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികൾക്ക് കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടീസിലാണ് ഇക്കാര്യങ്ങൾ ആരോപിച്ചിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ നിയമങ്ങളും സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ നിയമങ്ങളുമെല്ലാം തെറ്റിച്ചാണ് യുഎഇ കോൺസൽ ജനറൽ കേരളത്തിൽ പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും യോഗങ്ങൾ നടന്നു. ചില മന്ത്രിമാരും ഇവരുടെ വലയിൽ വീണതായുള്ള സൂചനയും കസ്റ്റംസ് നൽകുന്നുണ്ട്. വൈ കാറ്റഗറി സുരക്ഷയാണ് സർക്കാർ കോൺസൽ ജനറലിന് നൽകിയിരുന്നത്. സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോക്കോൾ ഓഫീസിനെ മറികടന്നായിരുന്നു സർക്കാർ തീരുമാനം.

വിയറ്റ്നാമിൽ കോൺസൽ ജനറലായി ജോലി ചെയ്യുമ്പോൾ അവിടെയും ഇവർ കള്ളക്കടത്ത് നടത്തിയിരുന്നുവെന്നും യു.എ.ഇയിൽ നിന്നും നിരോധിത മരുന്ന്, സിഗരറ്റ് അടക്കമുള്ളവ വിയറ്റ്നാമിലേക്ക് കടത്തി ഇൻസ്റ്റാഗ്രമിലൂടെ കോൺസൽ ജനറലും കൂട്ടരും വിൽപന നടത്തിയെന്നും കസ്റ്റംസ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ചാണ് കോൺസൽ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ സംസ്ഥാനത്തെത്തിയത്. കേരളത്തിൽ നിന്ന് കള്ളക്കടത്തിലൂടെ ലഭിക്കുന്ന പ്രതിഫലത്തിൽ കള്ളനോട്ടുണ്ടോ എന്ന് തിരിച്ചറിയാനായി കോൺസൽ ജനറലിന്റെ നിർദേശപ്രകാരം സരിത്ത് നോട്ടെണ്ണൽ യന്ത്രം വാങ്ങി നൽകിയെന്നും നോട്ടീസിൽ വിശദീകരിക്കുന്നു.