മുന്‍ സഹപ്രവര്‍ത്തകയെ പേഴ്‌സണല്‍ സ്റ്റാഫിലുള്‍പ്പെടുത്താനുള്ള ആരോഗ്യമന്ത്രിയെ നീക്കത്തെ എതിര്‍ത്ത് സിപിഎം നേതൃത്വം

തിരുവനന്തപുരം: മുന്‍ സഹപ്രവര്‍ത്തകയെ സ്റ്റാഫിലുള്‍പ്പെടുത്താനുള്ള ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ നീക്കത്തെ മുളയിലേ നുള്ളി സിപിഎം നേതൃത്വം. ആറന്മുളയില്‍ മത്സരിക്കുമ്പോള്‍ മുതല്‍ എല്ലാ പിആര്‍ സഹായങ്ങളും നല്‍കിയ മുന്‍ സഹപ്രവര്‍ത്തകയും സുഹൃത്തുമായ മാധ്യമപ്രവര്‍ത്തകയെ ഔദ്യോഗിക പിആര്‍ഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. എന്നാല്‍ പാര്‍ട്ടി തീരുമാനം വരും മുന്നെ സ്വന്തം നിലയില്‍ എടുത്ത തീരുമാനം ആരോഗ്യമന്ത്രിക്ക് തിരിച്ചടിയായി.

ആര്‍എംപി ബന്ധമുള്ള സഹപ്രവര്‍ത്തകക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നേതൃത്വത്തിന്റെ ഇടപെടല്‍. കോഴിക്കോട് ജില്ലയില്‍ ആര്‍എംപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തക മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് എകെജി സെന്റര്‍ ഇടപെടല്‍. വീണാ ജോര്‍ജ് മന്ത്രിയായതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന സമിതിയംഗത്തെയാണ് സിപിഎം പ്രൈവറ്റ് സെക്രട്ടറിയായി തീരുമാനിച്ചതെങ്കിലും പിആര്‍ഒ നിയമനത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടന്നില്ല.