വിവാദങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്; രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

കോഴിക്കോട്: ബ്രണ്ണൻ കോളേജ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വടകര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. പിണറായി വിജയൻ വിവാദങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വഴി തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഊരിപ്പിടിച്ച വാളുകൾക്ക് നടുവിലൂടെ നടന്ന പിണറായി വിജയൻ ഉയർത്തിപ്പിടിച്ച മഴുവുമായി കാട് വെട്ടിത്തെളിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മരംമുറി കേസുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

അക്രമം കോൺഗ്രസ് ശൈലിയല്ല. എന്നാൽ ഇങ്ങോട്ട് ചൊറിയാൻ വന്നാൽ പത്ത് വർത്തമാനം തിരിച്ചു പറയുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ താത്പര്യമില്ല. രമേശ് ചെന്നിത്തലക്ക് ഹിന്ദി ഭാഷ നല്ലപോലെ വശമുള്ളത് കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹം ശോഭിക്കുമെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.