കണ്ണൂര്‍: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പൂര്‍ണവിരാമമിടാന്‍ സിപിഎം തീരുമാനം. മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ചചെയ്ത ശേഷമാണ് പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എ.എന്‍.ഷംസീര്‍, എന്‍.ചന്ദ്രന്‍, ടി.ഐ.മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങള്‍ പരിശോധിച്ചത്.വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി.ജയരാജന് പങ്കില്ലെന്ന് കമ്മിഷന്‍ നിഗമനത്തിലെത്തി.
കണ്ണൂര്‍ തളാപ്പില്‍ സംഘ്പരിവാര്‍ സംഘടനകളില്‍നിന്ന് സി.പി.എമ്മിലേക്കെത്തിയ അമ്പാടിമുക്ക് സഖാക്കള്‍ എന്നറിയപ്പെടുന്നവരാണ് പിണറായി വിജയനെ അര്‍ജുനനായും പി.ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോര്‍ഡുകള്‍ വെച്ചത്. . നവമാധ്യമങ്ങളില്‍ പി.ജെ.ആര്‍മി എന്നും മറ്റുമുള്ള പേരുകളില്‍ വ്യക്തിപരമായി ആരാധന വളര്‍ത്തുന്ന പ്രചാരണം നടന്നത് സി.പി.എം. നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ടത്.പി.ജെ.ആര്‍മിയെ പി.ജയരാജന്‍ പരസ്യമായി തള്ളിപ്പറയുകയും തന്റെ അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും തന്റെയും ശത്രുക്കളാണെന്നും തന്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും തന്നെ വേര്‍തിരിച്ച് കാണിക്കുകയും ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിറക്കി. ഇതെല്ലാം പരിഗണിച്ചാണ് പി.ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപ്രഭാവ പ്രശ്‌നത്തിന് വിരാമമിടാന്‍ സി.പി.എം. നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം.

