തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മരംമുറി കൊള്ള, കൊവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയിൽ നിന്നും ചർച്ചകൾ വഴിതിരിച്ചുവിടാനുള്ള സർക്കാർ-പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വാർത്താസമ്മേളനത്തിൽ അക്രമ കഥകളും പോർവിളിയും നടത്തുന്നത് ആസൂത്രിതമായാണ്. മരംമുറി വിവാദം, കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയിൽ സർക്കാർ കടുത്ത പ്രതിരോധത്തിലാണ്. അതിൽ നിന്നും സർക്കാരിനെ രക്ഷിക്കാനും ചർച്ചകൾ വഴിതിരിച്ച് വിടാനും പ്രതിപക്ഷം സഹായിക്കുകയാണ്. പ്രതിപക്ഷ നേതാവ് ചുമതലയേറ്റെടുത്തപ്പോൾ തന്നെ പറഞ്ഞത് തങ്ങൾ സർക്കാരിനെ വിമർശിക്കാനില്ലെന്നും ബിജെപിയാണ് ഏറ്റവും വലിയ എതിരാളിയെന്നുമാണ്. ബിജെപിയെ ഏതിരാളിയായി കാണുന്ന സർക്കാരും പ്രതിപക്ഷവും ചേർന്ന് നടത്തുന്ന നാടകമാണ് വാർത്താസമ്മേളനങ്ങളെന്നും അദ്ദേഹം വിമർശിച്ചു.
കോവിഡ് വിശദീകരിക്കാനുള്ള വാർത്താസമ്മേളനത്തിൽ മുൻകൂട്ടി എഴുതി തയ്യാറാക്കി വന്ന് 10-15 മിനിട്ട് നേരം കൊലവിളി നടത്തുന്ന മുഖ്യമന്ത്രിയും പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ പാർട്ടി നേതാവും കേരളത്തെ അപമാനിക്കുകയാണ്. കേരളത്തിന്റെ മൂന്നിരട്ടി വലുപ്പവും ജനസംഖ്യയുമുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ പ്രതിദിനം നാലായിരത്തിലൊക്കെ എത്തി നിൽകുമ്പോൾ കേരളത്തിൽ പതിനായിരത്തിന് മുകളിലാണ്. ഇതാണ് ഗൗരവമായി ചർച്ച നടത്തേണ്ടത്. ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നത സംഭാവന ചെയ്ത കോളേജിനെ കേവലം ഗുണ്ടകളുടെയും ക്രിമിനിലുകളുടെയും കേന്ദ്രമായിരുന്നുവെന്ന തരത്തിൽ ഇരുവരും ചേർന്ന് വക്രീകരിക്കരുതെന്നും മുരളീധരൻ പറഞ്ഞു.
മഹത്തായ പാരമ്പര്യമുള്ള ഒരു കലാലയമാണ് തലശേരി ബ്രണ്ണൻ കോളേജ്. ഉത്തരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ആ കലാലയത്തിനെ കേവലം ഗൂണ്ടാ വിളയാട്ടങ്ങളുടെ കേന്ദ്രം എന്ന തരത്തില്‍ ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കരുത് എന്നാണ് പൂർവവിദ്യാർഥിയെന്ന നിലയിൽ തനിക്ക് പിണറായി വിജയനോടും കെ.സുധാകരനോടും അഭ്യര്‍ഥിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

