ആരാധനാലയങ്ങൾ തുറക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളി; സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ്

കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ്. ആരാധനാ സ്വാതന്ത്ര്യം ഭരണഘടനാപരമാണെന്ന് മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയ കാര്യസമിതി വ്യക്തമാക്കി. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിന് സർക്കാരിനെതിരെ യോഗം പ്രതിഷേധിച്ചു.

ദേശീയ പ്രസിഡന്റ് കെ.എം ഖാദർ മൊയ്തീൻ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, കെ.പി.എ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. എം.കെ മുനീർ, അബ്ദുസ്സമദ് സമദാനി, പി.എം.എ സലാം തുടങ്ങിയവർ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധത്തിൽ പങ്കു ചേർന്നു.

ലക്ഷദ്വീപ് വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്നും മുസ്ലിംലീഗ് അറിയിച്ചു. കേന്ദ്ര സർക്കാർ പത്രപ്രവർത്തകർക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികളെ യോഗം അപലപിക്കുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതി പിൻവാതിലിലൂടെ ഒളിച്ചുകടത്താനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയിൽ പോരാട്ടം തുടരാൻ മുസ്ലീം ലീഗ് തീരുമാനിച്ചു. ദേശീയ രാഷ്ട്രീയകാര്യ ഉപദേശക കമ്മിറ്റി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് യോഗം ഉദ്ഘാടനം ചെയ്തത്.

ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന അംഗത്വ ക്യാംപെയ്ൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. ഓൺലൈനിലൂടെ പാർട്ടിയിൽ അംഗത്വമെടുക്കാനുള്ള അവസരമാണ് ഉള്ളത്.