ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയിലുണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടമായതായി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. യുപിയില്‍ ട്വിറ്ററിനെതിരെ ഫയല്‍ ചെയ്തിരുന്ന കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധന് നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ഈ സംഭവത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററില്‍ പ്രചരിപ്പിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാര്‍ത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു.
ട്വിറ്ററിന് ഇന്ത്യയില്‍ ഒരു നിയമപരിരക്ഷയും ഇല്ലാത്തതിനാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ കൃത്രിമ വീഡിയോ എന്ന് ഫ്ളാഗ് ചെയ്യാത്തതിനെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സമയം മെയ് 25ന് അവസാനിച്ചിരുന്നു. ചില കമ്പനികള്‍ കോറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍ നിന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലുളള നടപടിയാണ് ഉണ്ടായതെന്നും ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം പറഞ്ഞു.

