ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ റദ്ദാക്കി ആദായ നികുതി വകുപ്പ്. സംഘടനയ്ക്ക് കിട്ടിക്കൊണ്ടിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യമാണ് റദ്ദാക്കിയത്. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യം ലഭ്യമാക്കുന്നുവെന്നും ഇതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ഫണ്ടുകൾക്കുമുള്ള സംഭാവനകൾക്ക് സംഘടനകൾക്ക് ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരം ഇളവുകൾ ലഭിക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ റദ്ദ് ചെയ്തത്. 1961 ലെ ആദായ നികുതി വകുപ്പിന്റെ 13(1)(b), 12AA(4)(a) വകുപ്പുകളുടെ ലംഘനമാണ് ഇതെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു. 2021 മാർച്ച് 22 നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. 1961 ലെ ആദായ നികുതി നിയമപ്രകാരം U/s 12A r.w.s. 12AA അനുസരിച്ച് 2012 ആഗസ്റ്റ് 28ന് രജിസ്റ്റർ ചെയ്ത(നം- പി-1589648) സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.
ആദായ നികുതിയിൽ ഇളവ് അനുവദിക്കുന്ന 80 ജി ആനുകൂല്യം സംഘടനയ്ക്കും ലഭിച്ചിരുന്നു. 2013-14 മുതൽ 2020-21 വരെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിരുന്നുവെന്നും ആദായ നികുതി വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നിയമത്തിലെ 12AA (3) രജിസ്ട്രേഷൻ റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി അസെസ്സി സൊസൈറ്റിയുടെ മെമ്മോറാണ്ടത്തിൽ നിന്ന് കണ്ടെത്തിയതായും ചൂണ്ടിക്കാട്ടുന്നു.വിവിധ വിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും സൗഹാർദവും നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏർപ്പെട്ടിരുന്നുവെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.

