കോണ്‍ഗ്രസ് ഡി.സി.സി. അധ്യക്ഷന്‍മാരായി വനിതകള്‍ക്ക് ചുമതല നല്‍കുമെന്ന് സൂചന

തിരുവനന്തപുരം: മൂന്നു ജില്ലകളില്‍ കോണ്‍ഗ്രസ് ഡി.സി.സി. അധ്യക്ഷന്‍മാരായി വനിതകള്‍ക്ക് ചുമതല നല്‍കുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കൊല്ലം ജില്ലയില്‍ പാര്‍ട്ടിയെ നയിക്കുന്നത് വനിതാ നേതാവ് ബിന്ദു കൃഷ്ണയാണ്. ഇതിനു പുറമേ രണ്ടിടങ്ങളില്‍ കൂടി വനിതകളെ നിയമിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

വനിതകള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ പൊതുസമൂഹത്തില്‍ തന്നെ കോണ്‍ഗ്രസിന് കൂടുതല്‍ സ്വീകാര്യത കിട്ടിയേക്കും എന്ന് ഈ ചര്‍ച്ചകള്‍ നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധികളാണ് എന്നതിന്റെ പേരില്‍ ഇത്തവണ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പരിഗണന ലഭിക്കാതിരിക്കില്ല. ജില്ലകളില്‍ അറിയപ്പെടുന്നവരും മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശേഷിയുള്ളവര്‍ക്കും കൂടുതല്‍ പരിഗണന കിട്ടും. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജ്യോതി വിജയകുമാറിന്റെ പേരിനാണ് കൂടുതല്‍ പരിഗണന. ദീപ്തി മേരി വര്‍ഗീസിനും സാധ്യതയുണ്ട്.

അതേസമയം, നേതാക്കളുമായി ആലോചിച്ചാണ് തീരുമാനം എടുക്കുന്നത് എന്ന് പറഞ്ഞതിനുശേഷവും കെ. സുധാകരന്‍ സ്വന്തമായി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ ഗ്രൂപ്പുകള്‍ക്ക് അതൃപ്തിയുണ്ട്. കെ. സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത് നാളെയാണ്. എ.ഐ.സി.സി. പ്രതിനിധികളുടെയും സംസ്ഥാനത്തെ പ്രധാന നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും ചുമതലയേല്‍ക്കല്‍. രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും ഇവര്‍ ഇന്ദിരാഭവനില്‍ എത്തുക.