കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഈയാഴ്ച്ച ഉണ്ടായേക്കും; ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിസഭയിൽ എത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഈ ആഴ്ച്ച തന്നെ മന്ത്രിസഭാ പുന:സംഘടന ഉണ്ടായേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപി നേതാക്കളുടേയും മുതിർന്ന മന്ത്രിമാരുടേയും യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് തുടങ്ങിയരുമായിട്ടാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.

രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനഃസംഘടനയാണ് നടക്കാനിരിക്കുന്നത്. ഒന്നാം മോദി സർക്കാരിൽ മൂന്ന് തവണയെങ്കിലും പുന:സംഘടന നടത്തിയിട്ടുണ്ട്. നിരവധി ഒഴിവുകൾ നിലവിൽ മന്ത്രിസഭയിലുണ്ട്. എൽജെപി നേതാവ് രാംവിലാസ് പാസ്വാൻ മരണത്തെ തുടർന്നും എൻഡിഎയിൽ നിന്ന് ശിരോമണി അകാലിദൾ, ശിവസേന തുടങ്ങിയ പാർട്ടികൾ പുറത്തുപോയതിനെ തുടർന്നും മന്ത്രിസഭയിൽ ഒഴിവുകളുണ്ട്.

അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ളവർക്ക് പുനഃസംഘടനയിൽ ഇടംനേടാൻ കഴിയുമെന്നാണ് വിവരം. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മന്ത്രിസ്ഥാനം ഉറപ്പാണെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവൽ എന്നിവരും മന്ത്രിസഭയിൽ ഇടം നേടാൻ സാധ്യതയുണ്ട്.

ഉത്തർപ്രദേശിലെ സഖ്യ കക്ഷിയായ അപ്നാദൾ നേതാവ് അനുപ്രിയ പട്ടേലിന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.