കൊച്ചി: സിപിഎം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്ന് കാണിച്ച് രമ്യാ ഹരിദാസ് എംപി ഗവര്‍ണര്‍ക്ക് പരാതി നല്കി. ഇതിന് മുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ശക്തമായ നടപടി വേണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ആലത്തൂര്‍ പോലീസ് സ്റ്റേഷനു സമീപം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എംഎ നാസര്‍, ഗ്രാമപഞ്ചായത്ത് അംഗം നജീബ് എന്നിവര്‍ക്കെതിരെയാണ് രമ്യ പരാതി നല്‍കിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
അതേസമയം, നാസറും നജീബും നല്കിയ പരാതിയില്‍ രമ്യയ്ക്കൊപ്പം ഉണ്ടായിരുന്ന കെപിസിസി അംഗം പാളയം പ്രദീപിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
രമ്യയുടെ ആരോപണം സിപിഎമ്മും ശുചീകരണ തൊഴിലാളികളും ഇക്കാര്യം നിഷേധിച്ചു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തില്‍ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഇത്തരം ധിക്കാരപരമായ നടപടികള്‍ യു ഡി എഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു.

