ക്ഷേത്രങ്ങളിൽ സ്ത്രീകളെ പുരോഹിതരായി നിയമിക്കുമെന്ന് തമിഴ്‌നാട് മന്ത്രി; വ്യാപക വിമർശനം

ചെന്നൈ: ക്ഷേത്രങ്ങളിൽ സ്ത്രീകളെ പുരോഹിതരായി നിയമിക്കാനൊരുങ്ങി തമിഴ്‌നാട്. മന്ത്രി ശേകർ ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രങ്ങളിൽ താല്പര്യമുള്ള സ്ത്രീകളെ പരിശീലനത്തിന് ശേഷം പുരോഹിതരായി നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശരിയായ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്.ആർ. ആന്റ് സി.ഇ.) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പുരോഹിതരാകാം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അനുമതി ലഭിച്ച ശേഷം ഞങ്ങൾ പുരോഹിതരാകാൻ താത്പര്യമുള്ള സ്ത്രീകൾക്ക് പരിശീലനം നൽകും. ക്ഷേത്രത്തിലെ ഒഴിവുള്ള തസ്തികകളിൽ അവരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എച്ച്.ആർ. ആന്റ് സി.ഇ. വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളിൽ പരിശീലനം ലഭിച്ച ബ്രാഹ്മണേതര പുരോഹിതരെ നയമിക്കും. എച്ച്.ആർ. ആന്റ് സി.ഇ. വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും പൂജകൾ തമിഴിലാക്കും. തമിഴിൽ പൂജകൾ അർപ്പിക്കുന്ന എല്ലാ പുരോഹിതരുടെയും വിശദാംശങ്ങളുള്ള ഒരു ബോർഡ് സൂക്ഷിക്കും. ചില ക്ഷേത്രങ്ങളിൽ തമിഴിൽ പൂജകൾ നടത്തുന്നുണ്ടെന്നും എല്ലാ പുരോഹിതർക്കും തമിഴിൽ പൂജകൾ നടത്താൻ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.