കൊടകര വിവാദം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തി; കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ കോർ കമ്മിറ്റി യോഗത്തിൽ വിമർശനം

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ ബിജെപി പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നതായി റിപ്പോർട്ട്. കൊടകര കുഴൽപ്പണ കേസ്, നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി എന്നീ വിഷയങ്ങളിലാണ് കെ സുരേന്ദ്രനും സംസ്ഥാനത്തിനുമെതിരെ അതൃപ്തി ഉയർന്നത്. പാർട്ടിയിൽ സമഗ്രമായ അഴിച്ചുപണി വേണമെന്നും കോർ കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു.

കൊടകര വിവാദം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വരെ കളങ്കം വരുത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കൃഷ്ണദാസ് പക്ഷമാണ് സുരേന്ദ്രനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടത്താതെ ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിർത്തി. പക്വത ഇല്ലാതെയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോയത്. കെ. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അത് കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യപ്രകാരമായിരുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും കൃഷ്ണദാസ് പക്ഷം വിമർശിച്ചു.

തെരഞ്ഞെടുപ്പ് ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്തത് സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിലാണ്. അതിനാൽ പാളിച്ചകൾ വന്നാൽ ഉത്തരവാദിത്വം നേതൃത്വത്തിനാണ്. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിൽ പല മണ്ഡലങ്ങളിലും പരാതികളുണ്ടെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങൾ ഏകപക്ഷീയമായാണ് എടുത്തതെന്നും യോഗത്തിൽ ആരോപണം ഉയർന്നു.