ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ്

K_Surendran

കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാൻ പണം ലഭിച്ചുവെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തത്.

മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സമർപ്പിച്ച നാമനിർദേശപത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രൻ തനിക്ക് പണം നൽകിയെന്നായിരുന്നു കെ സുന്ദര വ്യക്തമാക്കിയത്. ഇതിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന വി വി രമേശൻ കെ സുരേന്ദ്രനെതിരെ കാസർകോട് പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെയും ബിജെപി പ്രാദേശിക പ്രവർത്തകർക്കെതിരെയും കേസ് എടുത്തിരിക്കുന്നത്. കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കാസർകോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും ബദിയടുക്ക പോലീസും ചേർന്നാണ് കേസ് അന്വേഷണം നടത്തുന്നത്.

നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയാണ് ബിജെപി നേതാക്കൾ തനിക്ക് നൽകിയതെന്നാണ് കെ സുന്ദരയുടെ ആരോപണം. പ്രാദേശിക നേതാക്കൾ വീട്ടിലെത്തിയാണ് പണം നൽകിയതെന്നും സുന്ദര ആരോപിച്ചിരുന്നു. കെ സുരേന്ദ്രൻ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും സുന്ദര വെളിപ്പെടുത്തിയിരുന്നു.