തിരുവനന്തപുരം: കുഴൽപ്പണ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തിയാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വരെ ചെന്നെത്തിയേക്കുമെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. ഒരാളും രക്ഷപ്പെടാത്ത രീതിയിൽ അന്വേഷണത്തിന് തയ്യാറാകുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുഴൽപ്പണമുൾപ്പടെയുള്ള സാമ്പത്തിക തിരിമറികൾ ബിജെപിയിൽ സംഭവിച്ചിട്ടുണ്ട്. കുഴൽപ്പണം നൽകിയത് കേന്ദ്ര നേതൃത്വം തന്നെയാണ്. അപ്പോൾ അവരും ഇതിൽ ഉത്തരവാദിയാണെന്നും മുരളീധരൻ പറഞ്ഞു.
കെ.സുരേന്ദ്രൻ സമർപ്പിച്ച തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഹെലികോപ്ടർ വാടക കാണിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മൂന്ന് കോടി വരെ ഓരോ സ്ഥാനാർഥികൾക്കും കേന്ദ്രം കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ അതിൽ ചില സ്ഥാനാർഥികൾ പറയുന്നത് 25 ഉം 30 ലക്ഷം വരെയാണ് തങ്ങളുടെ കൈകളിലെത്തിയതെന്നാണ്. കഴിഞ്ഞ കാലത്ത് തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോടികൾ ഒഴുക്കിയാണ് ബിജെപി പ്രചാരണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് വൈറസ് വ്യാപനം തടയുന്നതിൽ കേന്ദ്രത്തിന് താത്പര്യമില്ലായിരുന്നു. എന്തുവിലകൊടുത്തും ബംഗാളിൽ അധികാരം പിടിക്കുകയെന്നതായിരുന്നു നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ലക്ഷ്യം. ഇതിനായി കോടികളാണ് തെരഞ്ഞെടുപ്പ് സമയത്ത് ബംഗാളിൽ ചെലവഴിച്ചതെന്നും മുരളീധരൻ പറഞ്ഞു. ബിജെപിക്കെതിരെ കുഴൽപ്പണ ആരോപണം ഉന്നയിച്ചത് എൽഡിഎഫോ യുഡിഎഫോ അല്ല. മറിച്ച് സ്വന്തം പാർട്ടിയിലുള്ളവർ തന്നെയാണ്. സികെ ജാനുവിനെ 10 ലക്ഷം കൊടുത്ത് മുന്നണിയിലെത്തിച്ചത് അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കെ സുരേന്ദ്രൻ വികാരാധീനനായിട്ട് കാര്യമില്ല. ബിജെപി സംശയത്തിന്റെ നിഴലിലാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം എത്തേണ്ട സ്ഥലത്ത് എത്തുമോ എന്നതിൽ സംശയമുണ്ടെന്നും ചില അന്തർധാരകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നടക്കുന്ന അന്വേഷണത്തിനൊപ്പം മറ്റൊരു സമഗ്ര അന്വേഷണം കൂടി നടത്തണം. ഒരു ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ നിർദ്ദേശിക്കണം. ഹൈക്കോടതിയിൽ നിന്നോ സുപ്രീംകോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ഒരു പ്രമുഖ ജഡ്ജിയെ വേണം ഇതിനായി നിയമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

