കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈത്താങ്ങ്; ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിൻ നൽകുമെന്ന് അമേരിക്ക

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്ക. ഇന്ത്യയ്ക്ക് അമേരിക്ക കോവിഡ് വാക്സിൻ നൽകും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

ആഗോളതലത്തിൽ 25 മില്യൺ ഡോസ് വാക്‌സിൻ വിതരണം ചെയ്യാനാണ് അമേരിക്ക പദ്ധതിയിട്ടിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയ്ക്കും അമേരിക്ക വാക്സിൻ കൈമാറുന്നത്.

അമേരിക്കയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കമല ഹാരിസുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ കമല ഹാരിസുമായി ചർച്ച ചെയ്തെന്നും അദ്ദേഹം അറിയിച്ചു.

മെക്സിക്കോ പ്രസിഡന്റ് അൻഡ്രസ് മാനുവൽ ലോപസ്, ഗ്വാട്ടിമാല പ്രസിഡന്റ് അലജാൻഡ്രോ ജിയാമട്ടി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരുമായും കമല ഹാരിസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. വാക്‌സിൻ നൽകുമെന്ന് നേതാക്കളോട് കമല ഹാരിസ് വ്യക്തമാക്കി.

80 മില്യൺ ഡോസ് കോവിഡ് വാക്സിൻ ജൂൺ അവസാനത്തോടെ ആഗോളതലത്തിൽ വിതരണം ചെയ്യാനാണ് അമേരിക്ക പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ട്.