കൊച്ചി : കോവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി സഹായങ്ങള്‍ നല്‍കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. പ്രസ്തുത കാലയളവ് മുതല്‍ കോവിഡ് ബാധിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റായവര്ക്ക് 5000 രൂപയും പള്‍സ് ഓക്‌സിമീറ്റര്‍, തെര്‍മോ മീറ്റര്‍്, വിറ്റാമിന് ഗുളികകള്‍, അനുബന്ധ മരുന്നുകള്‍, ഗ്ലൗസുകള്‍, മാസ്‌കുകള്‍ എന്നിവ അടങ്ങിയ കോവിഡ് കിറ്റും നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, കോവിഡ് ബാധിച്ച് മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ സംഘടന നല്കും. ചലച്ചിത്ര രംഗത്ത് പ്രവര്ത്തിക്കാത്ത ഭാര്യയോ മകളോ ആണ് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെങ്കില്‍ അവര്‍ക്ക് ജോലി ആവശ്യമാണെങ്കില് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഫെഫ്ക ഫെഡറേഷനിലോ / മറ്റ് 19 യൂണിയന് ഓഫീസുകളിലോ / ഫെഡറേഷന്‍ കണ്ടെത്തുന്ന സ്ഥാപനത്തിലോ ജോലി ലഭ്യമാക്കും . ജീവന്‍രക്ഷാ ഔഷധങ്ങള്‍ കഴിക്കുന്ന അംഗങ്ങള്‍ക്ക് നേരത്തെ നല്കിയത് പോലെ മരുന്നുകള്‍ കണ്‍സ്യുമര്‍ ഫെഡ് മെഡിക്കല്‍ ഷോപ്പുകള്‍ വഴി ഫെഫ്ക സൗജന്യമായി നല്കും . എന്നാല്‍, സംഘടന നല്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കോവിഡ് ചികില്‍സാ സഹായം ലഭിച്ചവര്‍്ക്കും നിലവില്‍ കോവിഡ് സഹായ ധനം കൈപ്പറ്റിയവര്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നതല്ല.
ഫെഫ്കയുടെ രണ്ടാം ഘട്ട സഹായ പദ്ധതികളിലും എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ബി ഉണ്ണികൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. ചലച്ചിത്ര പ്രവര്‍ത്തകര്‍ പരസ്പരം ക്ഷേമം തിരക്കിയും സൗഹൃദം പങ്കിട്ടും പിന്തുണ നല്കിയും മഹാമാരിയുടെ ഈ ദുര്‍ഘട കാലഘട്ടത്തെ അതിജീവിക്കണമെന്ന് അദ്ദേഹം ഓര്‍്മ്മപ്പെടുത്തി.
2021-06-03

