തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. തെങ്ങുകളില്‍ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലയ്ക്ക് സ്വീകരിക്കുന്നത്.കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു.പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്ക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്വതിലിലൂടെ നടപ്പാക്കുകയാണ്. ഇത്തരത്തില്‍ ഒരു ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്‍ക്കാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നേതൃത്വം നല്‍കുന്നതെന്നും പ്രമേയം പറയുന്നു. ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം പുതുക്കണമെന്ന നിര്‍ദേശവും വന്നുകഴിഞ്ഞു.
ബ്രിട്ടീഷ് അധിനിവേശത്തിനു മുന്‍പ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കല്‍ രാജവംശത്തിനു കീഴിലായിരുന്നു. 1956 നവംബര്‍ ഒന്നുവരെ ലക്ഷദ്വീപ് അന്നത്തെ മലബാര്‍ ജില്ലയുടെ ഭാഗവുമായിരുന്നു. കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജീവിതക്രമവും സാംസ്കാരികരീതിയുമാണ് ലക്ഷദ്വീപിനുള്ളത്. മലയാളമാണ് അവരുടെ പ്രധാനപ്പെട്ട ഭാഷ. മലയാളം, ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് ലക്ഷദ്വീപിലുള്ളത്. ഹൈക്കോടതി അടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കൊച്ചിയിലുമാണ്. ചരിത്രപരമായി നിലനില്‍ക്കുന്ന ഈ പാരസ്പര്യബന്ധത്തെ തകര്‍ക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും പ്രമേയം പറയുന്നു.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടുത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്ന ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. അതിനു വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു.കേരളത്തിന്റെ ഗവര്‍ണറായിരുന്ന ആര്.എല്‍. ഭാട്യ, മന്ത്രിമാരായിരുന്ന കെ.ആര്. ഗൗരിയമ്മ, ആര്. ബാലകൃഷ്ണപിള്ള, മുന്‍ മന്ത്രിയും കേരള കോണ്‍്ഗ്രസ് നേതാവുമായ കെ.ജെ. ചാക്കോ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരായ സി.എ കുര്യന് കെ.എം ഹംസക്കുഞ്ഞ്, സഭാംഗമായിരുന്ന ബി രാഘവന് എന്നിവര്‍ക്ക് ചരമോപാരം അര്‍പ്പിച്ചുകൊണ്ടാണ് സഭാസമ്മേളനം ആരംഭിച്ചത്.പ്രതിപക്ഷം ചില ഭേദഗതികള്‍ ഉന്നയിച്ചു. ഇവ സര്‍ക്കാര്‍ അംഗീകരിച്ചു. സഭ പ്രമേയം ഐകകണ്ഠ്യേന പാസാക്കി.