തിരുവനന്തപുരം : കോവിഡ് രണ്ടാംതരംഗം വിട്ടൊഴിയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. ജൂണ്‍ ഒന്‍പത് വരെയാണ് ഫലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നതെങ്കിലും ടെസ്റ്റ് പോസ്റ്റിവിറ്റി ( ടി പി ആര് ) കുറയുന്നത് അനുസരിച്ച് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ അന്‍പത് ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാനാവും. തുണിക്കടകള്‍, ജുവലറി ഷോപ്പുകള്‍, ബുക്ക് സ്റ്റാള്‍, മറ്റ് സ്റ്റേഷനറി കടകള്‍ എന്നിവ ആഴ്ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കാം.
ബാങ്കുകള്‍ മുന്‍ ആഴ്ചയിലേത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുകയുള്ളുവെങ്കിലും, അഞ്ചുമണിവരെ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.ലോക്ഡൗണ്‍ കേരളത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ഏറെ ഫലപ്രദമായിരുന്നു എന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്.അതേസമയം തലസ്ഥാനത്ത് ഉള്‍പ്പടെ നല്ലൊരു ശതമാനം പഞ്ചായത്തുകളിലും ടി പി ആര് മുപ്പത് ശതമാനത്തിന് മേല്‍ തുടരുന്നുമുണ്ട്. ഇവിടം അടച്ചിട്ട് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.