കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കി ഹൈക്കോടതി. 80 ശതമാനം മുസ്ലിംവിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന അനുപാതമാണ് റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് ഉത്തരവുണ്ടായിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 80:20 എന്ന അനുപാതം നിലവിൽ വന്നത്. ഇതിനെതിരെ ക്രൈസ്തവ സഭകൾക്കിടയിൽ വലിയ അതൃപ്തിയുണ്ടായിരുന്നു. നിലവിലുള്ള സ്കോളർഷിപ്പ് വിതരണ രീതി ഭരണഘടനാ വിരുദ്ധവും തുല്യത ഉറപ്പാക്കാത്തതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
2011ലെ സെൻസസ് പ്രകാരം 45.27 ശതമാനമാണ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ. ഇതിൽ 58.61 ശതമാനം മുസ്ലിം വിഭാഗമാണ്. 40.6 ശതമാനം ക്രിസ്ത്യാനികളും 0.73 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. ഈ സ്ഥിതിയിൽ 80:20 എന്ന അനുപാതം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

