തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് മെയ് 31 ന് ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ പാർട്ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗംങ്ങളായ എളമരം കരീം, വി.ശിവദാസന്‍, എ.എം.ആരിഫ് എന്നിവരടങ്ങിയ എം.പിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാനും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇവർ ലക്ഷദ്വീപ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തുമെന്ന് സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
നേരത്തെ, ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ കെപിസിസി സെക്രട്ടറി കെ.പി.നൗഷാദലി സമർപ്പിച്ച ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ അഡ്മിനിസ്ട്രേറ്റർ അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നിർദേശം നൽകി.
കരട് നിയമത്തിലെ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെതിരെ നൗഷാദലി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.കരട് നിയമം ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ജനങ്ങളുടെ ഉപജീവന മാർഗവും ഭക്ഷണരീതിയും കണക്കിലെടുക്കാതെയുള്ള പരിഷ്ക്കാരങ്ങൾ നിയമവിരുദ്ധമാണെന്നുമാണ് ഹർജിയിലെ ആരോപണം.

