പി.സി. ചാക്കോയുടെ നീക്കത്തിനെതിരെ എന്‍സിപി കേരള ഘടകത്തില്‍ അസ്വസ്ഥത പുകയുന്നു

പതിറ്റാണ്ടുകള്‍ പാര്‍ട്ടിയെ നയിച്ച നേതാക്കളെ കൂട്ടത്തോടെ മൂലക്കിരുത്തി ഏകാധിപതിയാകാനുള്ള പി.സി. ചാക്കോയുടെ നീക്കത്തിനെതിരെ എന്‍സിപി കേരള ഘടകത്തില്‍ അസ്വസ്ഥത പുകയുന്നു. കോണ്‍ഗ്രസ് ദല്‍ഹിയില്‍ തൂത്തെറിയപെട്ടതോടെയാണ് ചാക്കോയുടെ കഷ്ടകാലം ആരംഭിച്ചത്. രാഹുല്‍ഗാന്ധി നേതൃനിരയിലേക്ക് എത്തിയതോടെ ഉള്ള സ്വാധീനവും നഷ്ടപ്പെട്ടു. ഇതോടെയാണ് ദല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് കളം മാറ്റിയത്.എന്നാല്‍, ഹൈക്കമാന്‍ഡിലെ സ്വാധീനത്തില്‍ അഹങ്കരിച്ച് കേരളത്തിലെ ഗ്രൂപ്പുകളെ അവഗണിച്ചും തള്ളിപ്പറഞ്ഞും നടന്നിരുന്ന ചാക്കോയെ അവരാരും പരിഗണിക്കാതെ തള്ളി.

മാണി.സി. കാപ്പന്‍ കലാപമുയര്‍ത്തിയ ഘട്ടത്തില്‍ സംസ്ഥാന അധ്യക്ഷനായിരുന്ന ടി.പി. പീതാംബരന് പോലും ചാഞ്ചല്യമുണ്ടായപ്പോള്‍ പാര്‍ട്ടിയെ ഇടത് പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തിയത് മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗമായിരുന്നു. എന്നാല്‍, അന്ന് കോണ്‍ഗ്രസുകാരനായിരുന്ന ചാക്കോ ഇപ്പോള്‍ ഇതിന്റെ ക്രെഡിറ്റ് പോലും അവകാശപ്പെടുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് എന്‍സിപി പ്രവര്‍ത്തകര്‍ പോലും. കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ടവരുടെ ഒഴുക്ക് എന്‍സിപിയിലേക്ക് തുടങ്ങിയിട്ടുണ്ട്.

ഇവരെ മാത്രം പരിഗണിക്കുന്ന ചാക്കോയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നവരുടെ എണ്ണം പഴയ എന്‍സിപിക്കാര്‍ക്കിടയില്‍ കൂടി. കോണ്‍ഗ്രസിലെ അസംതൃപതരുടെ പാര്‍ട്ടിയായി എന്‍സിപി മാറുമ്പോള്‍ ഇടത് ആശയങ്ങള്‍ കൈമോശം വരുന്നതായും പരാതിയുണ്ട്. കോണ്‍ഗ്രസ്-എസ് വിട്ട് കോണ്‍ഗ്രസ്-ഐയിലേക്ക് ചേക്കേറിയ കാലം മുതല്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നു ചാക്കോ.

സോണിയയുടെ വിശ്വസ്തരുടെ പട്ടികയില്‍ പെട്ട ചാക്കോ പല തവണ എംപിയും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനും പാര്‍ട്ടി ദല്‍ഹി ഘടകത്തിന്റെ ചുതലക്കാരനുമെല്ലാമായി. ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുവാറ്റുപുഴയോ കാഞ്ഞിരപ്പള്ളിയോ വേണമെന്ന ആവശ്യം ചാക്കോ മുന്നോട്ട് വച്ചെങ്കിലും ആരും പരിഗണിച്ചില്ല. ഇതോടെയാണ് നിരാശനായി കോണ്‍ഗ്രസ് വിട്ടത്.

കേവലം രണ്ട് മാസം മുമ്പു മാത്രം പാര്‍ട്ടിയിലെത്തിയ ചാക്കോയ്ക്ക് സംസ്ഥാന അധ്യക്ഷ പദവി തളികയില്‍ വച്ചു നല്‍കിയ ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ നടപടി എന്‍സിപിയുടെ ഇടത് മുഖം പോലും നഷ്ടപ്പെടുത്തുമെന്ന ആശങ്കയും ശക്തം. ശരത്പവാറുമായുള്ള വ്യക്തി ബന്ധം ഉപയോഗപ്പെടുത്തിയാണ് എന്‍സിപിയിലെത്തിയത്. എന്‍സിപി കേരള ഘടകം എക്കാലവും ഇടത് രാഷ്ട്രീയത്തോടൊപ്പമാണ് നിലകൊണ്ടിരുന്നത്.പാര്‍ട്ടിക്കൊപ്പം ഭരണത്തിലും തനിക്കൊപ്പമുള്ളവര്‍ മതിയെന്ന നിലപാടിലാണ് ചാക്കോ. ഇതും കലാപത്തിന് കാരണമായിട്ടുണ്ട്.