വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട് : രമേശ് ചെന്നിത്തല

ആലപ്പുഴ: വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല.നേരത്തെ ആശയവിനിമയം നടത്താതെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയതിൽ വിഷമം ഉണ്ടോ എന്ന ചോദ്യത്തിന്- അതൊന്നും ഇനി ചർച്ചാവിഷയം അല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.വലിയ വെല്ലുവിളി നിറഞ്ഞ സന്ദർഭമാണിത്.

എല്ലാവരും യോജിച്ചു നിന്നുകൊണ്ട് കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദർഭമാണ്. അതിനു വേണ്ടി കൂട്ടായ പരിശ്രമം ഉണ്ടാകണം എന്ന് തന്നെയാണ് തന്റെ അഭിപ്രായം.-അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോടു പറഞ്ഞു.പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന്- അക്കാര്യം ജനങ്ങൾ വിലയിരുത്തട്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

താൻ ഇനി അതേപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ എട്ടുമണിയോടെ മല്ലികാർജുൻ ഖാർഗെ വിളിച്ച് പ്രതിപക്ഷ നേതൃസ്ഥാനമാറ്റത്തെ കുറിച്ച് പറഞ്ഞിരുന്നെന്നും ചെന്നിത്തല പറഞ്ഞു.കെ.പി.സി.സിയിൽ തലമുറമാറ്റം വേണോ എന്ന ചോദ്യത്തിന് അതെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഹൈക്കമാൻഡ് എന്തു തീരുമാനം എടുത്താലും താൻ അത് അനുസരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശന് പൂർണപിന്തുണ ലഭിക്കും. എല്ലാവരും ഒരുമിച്ച് നിൽക്കും. അതിൽ തർക്കം ഒന്നുമില്ല. കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി ഒരു തീരുമാനം എടുത്താൽ എല്ലാ കോൺഗ്രസുകാരും അത് അനുസരിക്കും. ഒരുമിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ഞങ്ങൾ എല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു നയിക്കാൻ സതീശന് കഴിയട്ടേ എന്ന് ആശംസിക്കുന്നു.

അത്തരം കാര്യങ്ങൾ ഒന്നും ചർച്ചാവിഷയമല്ല. കേരളത്തിലെ കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചു വരവിനുള്ള പാതയൊരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനു വേണ്ടി എല്ലാ പ്രവർത്തകരും നേതാക്കളും യു.ഡി.എഫിനെ സ്നേഹിക്കുന്ന ജനങ്ങളും ഒരുമിച്ച് നിൽക്കുക എന്നതാണ് പ്രധാനമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.