കൊച്ചി: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി.ഡി. സതീശന്. വലിയ വെല്ലുവിളികള്‍ മുന്നിലുണ്ടെന്ന ബോധ്യമുണ്ട്. എല്ലാ വെല്ലുവിളികളും മുന്നിലുണ്ട് എന്ന ബോധ്യത്തോടെ, കേരളത്തിലെ കോണ്‍ഗ്രസിനെ ഐതിഹാസികമായ തിരിച്ചുവരവിലേക്ക് നയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഈ പദവി ഏറ്റെടുക്കുന്നു. ഇതൊരു പുഷ്പകിരീടമല്ല എന്ന കൃത്യമായ ബോധ്യമുണ്ട്.
ഈ സ്ഥാനത്തിന്റെ മഹത്വം നിലനിര്‍ത്തിക്കൊണ്ട് കേരളത്തിലെ യു.ഡി.എഫ്. പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയില്‍ യു.ഡി.എഫിനെ, കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനുവേണ്ടിയുള്ള കഠിനാധ്വാനം നിറഞ്ഞ നാളുകളാവും ഇനി വരുന്നത്.
യു.ഡി.എഫിന്റേയും കോണ്‍ഗ്രസിന്റേയും പ്രതിസന്ധി നിറഞ്ഞ കാലത്ത് പ്രതിപക്ഷനേതാവ് എന്ന ചുമതല തന്നെ ഏല്‍പ്പിച്ച ദേശീയ നേതൃത്വത്തോടും കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും നന്ദി പറയുന്നു. കേരളത്തിലെ യു.ഡി.എഫ്. പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയില്‍ യു.ഡി.എഫിനെ, കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരും. കേരളം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിപക്ഷമാവാന്‍ പ്രവര്‍ത്തിക്കുമെന്നും വി.ഡി. സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

