ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ വല്ലാര്‍പാടത്തെത്തി

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇന്ന് പുലര്‍ച്ച മൂന്നരയോടെ വല്ലാര്‍പാടത്തെത്തി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണ് 118 മെട്രിക്ടണ്‍ ഓക്‌സിജന്‍ എത്തിച്ചത്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഡല്‍ഹിയിലേക്കയച്ച ലോഡ് അവിടെ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു. വല്ലാര്‍പാടത്ത് വച്ച് ഫയര്‍ ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ഓക്‌സിജന്‍ ടാങ്കര്‍ ലോറിയില്‍ നിറച്ച് മറ്റ് ജില്ലകളിലേക്ക് അയക്കും. ഇതോടെ സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമത്തിന് വലിയൊരളവില്‍ പരിഹാരമാകും.