തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്.
കമ്മിഷന്റെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ മണിമലയാറിലും തുമ്പമണ്‍ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ അച്ചന്‍കോവിലാറിലും കമ്മിഷന് പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇരു നദികളുടെയും കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാനും ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാനും നിര്‍ദേശത്തില്‍ പറയുന്നു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസറഗോഡ്, ജില്ലകളില്‍ അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ എന്നിവ സംബന്ധിച്ചും ജാഗ്രത പാലിക്കണം.
അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്.