ഗാസ: പലസ്തീനിയൻ തീവ്രവാദികളും മറ്റ് ഇസ്ളാമിക ഭീകര സംഘടനകളും ടെൽ അവീവിലും ബീർഷെബയിലും നിരവധി തവണ റോക്കറ്റ് ആക്രമണവും നടത്തി.ഹമാസിന്റെ റോക്കറ്റ് വിക്ഷേപണയിടങ്ങളും ഓഫീസുകളും സ്ഥിതി ചെയ്യുന്നയിടത്ത് തങ്ങൾ വ്യോമാക്രമണം നടത്തിയെന്നും നിരവധി ഹമാസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേൽ അറിയിച്ചു. സ്ഥലത്തെ യുദ്ധസമാനമായ അവസ്ഥ കാരണം നിരവധി ഇസ്രായേൽ പൗരന്മാർ രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് പലായനം ചെയ്തു.
ഇതിനിടെ ടെൽ അവീവിന് സമീപം ലോഡ് പട്ടണത്തിൽ ഹമാസിന്റെ റോക്കറ്റ് കാറിൽ പതിച്ച് രണ്ടുപേർ മരിച്ചു. ഇതിലൊന്ന് ഏഴ് വയസുളള പെൺകുട്ടിയാണ്. തങ്ങൾ 210 റോക്കറ്റുകൾ ബീർഷെബയിലേക്കും ടെൽ അവിവിലേക്കും അയച്ചതായി ഹമാസ് അറിയിച്ചു. അതെസമയം ഇന്നലെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി സൗമ്യ ഉൾപ്പടെ അഞ്ചുപേർ മരണമടഞ്ഞ സംഭവത്തിന് തക്കതായ തിരിച്ചടി നൽകിയിട്ടേ തങ്ങൾ പിന്മാറൂ എന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. സമാധാനത്തിനായി ശ്രമിക്കുന്ന ഐക്യരാഷ്ട്ര സഭയ്ക്കും ഈജിപ്റ്റിനും ഇസ്രയേൽ ഈ മറുപടിയാണ് നൽകിയത്.

