മുഖ്യമന്ത്രി പിണറായി വിജയന്റെ പുസ്തകം ആഗോള ഓഡിയോ ബുക്, ഇ-ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെലില്‍ എത്തി

pinarayi vijayan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ രചിച്ച പൗരത്വവും ദേശക്കൂറും എന്ന പുസ്തകത്തിന്റെ ഓഡിയോബുക്കും ആഗോള ഓഡിയോ ബുക്, ഇ-ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെലില്‍ എത്തി. സ്‌റ്റോറിടെലില്‍ മാത്രമാണ് പുസ്തകത്തിന്റെ ഓഡിയോരൂപം ശ്രവ്യമാവുക. അധ്യാപകനായ ആല്‍ബര്‍ട് ജോണ്‍ വായിച്ച പുസ്തകത്തിന്റെ ഓഡിയോരൂപത്തിന് 5 മണിക്കൂര്‍ 48 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. കോവിഡിനെതിരെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

നിപ്പ, പ്രളയം, കോവിഡ് തുടങ്ങിയ വെല്ലുവിളികളെ പിണറായിയുടെ നേതത്വത്തില്‍ കേരളം മികച്ച രീതിയില്‍ നേരിട്ടു. തുടര്‍ന്നുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം മികച്ച വിജയം നേടി. നിലവിലുള്ള സാമൂഹിക സാഹചര്യങ്ങളെ സംസ്ഥാന മുഖ്യമന്ത്രി, രാഷ്ട്രീയനേതാവ് എന്നീ നിലകളിലും അതിനുപരിയായി ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും പിണറായി വിജയന്‍ നോക്കിക്കാണുന്ന ഉപന്യാസങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ഈ പശ്ചാത്തലത്തിലാണ് ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് ഒറ്റക്ലിക്കിലൂടെ കേള്‍ക്കാവുന്ന വിധം പിണറായി വിജയന്റെ ശ്രദ്ധേയമായ പുസ്തകം ഓഡിയോബുക്കായി എത്തിയിരിക്കുന്നത്.സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ 12 ഇന്ത്യന്‍ ഭാഷകളില്‍ 2 ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്‌റ്റോറിടെലിന് ഇതുവരെ 15 ലക്ഷത്തിലേറെ വരിക്കാരുണ്ട്. നോവലുകള്‍, കഥകള്‍, വ്യക്തിത്വവികസനം, ചരിത്രം, റൊമാന്‍സ്, ത്രില്ലറുകള്‍, ആത്മീയം, ഹൊറര്‍, സാഹസികകഥകള്‍ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളുടെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാണ്.