ഇംഗ്ലണ്ടിലേക്ക് പോകുന്ന താരങ്ങളെ ഇന്ത്യയില്‍ തന്നെ ക്വാറന്റീന്‍ ചെയ്യാനൊരുങ്ങി ബി സി സി ഐ

ലോക ടെസ്റ്റ്‌ ചാമ്പ്യൻമാരെ തീരുമാനിക്കുന്ന ന്യൂസിലൻഡും ഇന്ത്യയും തമ്മിൽ നടക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ജൂൺ 18 നാണ് ആരംഭിക്കുന്നത്. മെയ് 11ന് ന്യൂസിലന്‍ഡ് കളിക്കാര്‍ക്ക് ഇം​ഗ്ലണ്ടില്‍ എത്താനാവും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഒരാഴ്ച കൂടി വൈകും എന്ന് വ്യക്തമായതോടെ മാലിദ്വീപിലേക്ക് മാറാന്‍ താരങ്ങൾ തീരുമാനിക്കുകയായിരുന്നു.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടുന്നതിന് മുമ്പ് ഇം​ഗ്ലണ്ടിന് എതിരെ രണ്ട് ടെസ്റ്റുകള്‍ ന്യൂസിലന്‍ഡിന് കളിക്കേണ്ടതുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി യാത്രയാകുന്ന ഇന്ത്യന്‍ ടീമിനൊപ്പം കുടുംബാംഗങ്ങള്‍ക്കും യാത്രയാകാമെന്ന് ബി സി സി ഐ അറിയിച്ചിട്ടുണ്ട്. മേയ് 25ന് ഇന്ത്യന്‍ ടീം ഒരുമിച്ചെത്തിയ ശേഷം എട്ട് ദിവസത്തെ ക്വാറന്റീന് വിധേയരാകുമെന്നും അതിന് ശേഷം ജൂണ്‍ 2ന് ടീം ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നും ബി സി സി ഐ വക്താവ് അറിയിച്ചു. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് ബി സി സി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ പി എല്‍ റദ്ദാക്കിയതോടെ കളിക്കാര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ ഇപ്പോൾ അവരെല്ലാം ബയോ ബബിളിന് പുറത്താണ്.

താരങ്ങള്‍ സ്വന്തം നാട്ടില്‍ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ കോവിഷീല്‍ഡാണെന്ന് ഉറപ്പാക്കണമെന്നാണ് ബി സി സി ഐ ഇപ്പോൾ താരങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ ആദ്യ ഡോസെടുക്കുന്ന താരങ്ങള്‍ രണ്ടാമത്തെ ഡോസ് ഇംഗ്ലണ്ടില്‍ നിന്നാവും സ്വീകരിക്കേണ്ടിവരുക. കോവിഷീല്‍ഡ് ഇംഗ്ലണ്ടിലും ലഭ്യമായതിനാലാണ് ബി സി സി ഐ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്.വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ പടയും കെയ്ൻ വില്യംസൺ നയിക്കുന്ന ന്യൂസിലൻഡ് നിരയും നേർക്കുനേർ വരുമ്പോൾ മത്സരഫലം തീർച്ചയായും പ്രവാചനാതീതമാണ്.

ഐ പി എല്ലിന്റെ ഭാഗമായി ഇന്ത്യയിലുണ്ടായ ന്യൂസിലൻഡ് താരങ്ങളായ വില്യംസൺ, ജാമിസൺ, മിച്ചൽ സാന്റ്നർ എന്നിവർ ഇന്ന് ഡൽഹിയിലെ ബയോബബിൾ വിട്ട് മാലിദ്വീപിലേക്ക് മടങ്ങിയിരുന്നു.ഇപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്ന താരങ്ങളെ ഇന്ത്യയില്‍ തന്നെ ക്വാറന്റീന്‍ ചെയ്യാനൊരുങ്ങിയിരിക്കുകയാണ് ബി സി സി ഐ. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് ഒരാഴ്‌ച മുന്‍പ് താരങ്ങളെ ബയോ ബബിളില്‍ പ്രവേശിപ്പിക്കാനാണ് നീക്കം. ഇംഗ്ലണ്ടില്‍ എത്തുന്ന താരങ്ങള്‍ക്ക് പതിനാല് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനുണ്ട്. ഇതിന് മുമ്പ്‌ തന്നെ താരങ്ങളെല്ലാം കോവിഡ് മുക്തരാണെന്ന് ഉറപ്പാക്കാനാണ് ബി സി സി ഐയുടെ ഈ തീരുമാനം.