കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ 70,000 മെട്രിക് ടണ്‍ അരി സംസ്ഥാനത്തിന് ലഭ്യമാക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും സൗജന്യകിറ്റ് വിതരണവും സമൂഹ അടുക്കളയും ആരംഭിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നതെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്ന യോജന (പിഎംജികെഎവൈ) എന്ന ഈ പദ്ധതിക്ക് കീഴില് ചുരുങ്ങിയ സമയത്തിനുള്ളില്‍ എഫ്‌സിഐ കേരള റീജിയണ്‍ റെക്കോര്‍ഡ് അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിട്ടുനല്കുകയായിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും ആവശ്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കി. പദ്ധതി പ്രകാരം 1.53 കോടിയിലധികം ഗുണഭോക്താക്കള്‍ക്കായി 2021 മെയ്, ജൂണ് മാസങ്ങളില് അനുവദിച്ച മൊത്തം അളവില് നിന്ന് 70,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേരള സര്‍ക്കാരിന് കൈമാറിയതായി എഫ്‌സിഐ കേരള റീജിയണ്‍ ജനറല്‍് മാനേജര്‍ അറിയിച്ചു. അങ്ങനെ ഈ മാസത്തില്‍ തന്നെ സൗജന്യ റേഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്കുകയും ചെയ്യാമെന്ന് വന്നപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് സൗജന്യകിറ്റ് വിതരണവും സമൂഹ അടുക്കളയും പ്രഖ്യാപിച്ചത്.
2021-05-09

