അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍

തിരുവനന്തപുരം: തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീകുമാര്‍ അറസ്റ്റിലായെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണ് ഇതെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വെച്ച കേസ് പിന്‍വലിച്ചെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.വ്യക്തികളില്‍ നിന്നും വായ്പ എടുക്കുകയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുമുണ്ട്. വായ്പകള്‍ പലിശസഹിതം മടക്കി കൊടുക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കി കൊടുക്കുകയുമാണ് പതിവ്. എന്നാല്‍, കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പാദായകനുമായി വ്യവഹാരം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ച വന്നു.കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ പിഴവ് കൊണ്ട് നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടി വന്നു. ഇതാണ് സംഭവമെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. ഈ വിഷയവും ഇതിലെ വ്യവഹാരങ്ങളും ഇതോടു കൂടി പൂര്‍ണമായും അവസാനിക്കുകയും ചെയ്തതയായും ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു.