തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ കുറിച്ച് പഠിക്കാന്‍ മുസ്ലിം ലീഗ് അന്വേഷണ കമ്മീഷനെ നിശ്ചയിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. തോല്‍വിയെ തുടര്‍ന്ന് നേതൃത്വത്തെ മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും പി. കെ. കുഞ്ഞാലിക്കുട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നും മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. പി. കെ. കുഞ്ഞാലിക്കുട്ടി ഇവിടെ വേണം എന്നത് തീരുമാനിച്ചത് പാര്‍ട്ടിയാണ്. തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. പ്രവര്‍ത്തകര്‍ അവരുടെ വികാരമാണ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്നതെന്നും അവര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ടെന്നും അത് നേതൃത്വം ഉള്‍ക്കൊള്ളുന്നുവെന്നും മുന്നവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടത് ട്രെന്‍ഡ് ഉണ്ടായി, അതിനനുസരിച്ച് വോട്ട് മാറി. ഹാഗിയ സോഫിയ വിവാദം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സിറ്റിംഗ് സീറ്റുകള്‍ ആയിരുന്ന അഴീക്കോട്, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കളമശ്ശേരി എന്നിവ നഷ്ടമാവുകയും ചെയ്തു. കൊടുവള്ളി ജയിച്ചത് മാത്രം ആണ് അല്പം ആശ്വാസം.മലപ്പുറം ജില്ലയില്‍ 11 സീറ്റുകളാണ് ലീഗ് നേടിയത്. കാസര്‍ഗോഡ് ജില്ലയില്‍ രണ്ടും പാലക്കാട് കോഴിക്കോട് ജില്ലകളില്‍ ഓരോ സീറ്റുകളും നേടി.
2021-05-06

