ന്യൂഡല്‍ഹി: കോവിഡ് പരിശോധനാമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന കൊവിഡ് രോഗികളും, അന്തര്‍സംസ്ഥാന യാത്രക്കാരും വീണ്ടും പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നത് കാരണം രാജ്യത്ത് 2500ലധികം ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് കടുത്ത സമ്മര്‍ദ്ദത്തിലായതിനാലാണ് ഇത്തരമൊരു തീരുമാനം. ആഭ്യന്തര- അന്തര്‍ സംസ്ഥാന യാത്രകള്‍ ചെയ്യുന്ന ആരോഗ്യമുള്ള വ്യക്തികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത് ഒഴിവാക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കിയ സര്‍ക്കുലറില്‍ പറയുന്നത്. മാത്രമല്ല, ആന്റിജന്‍ പരിശോധനയിലൂടെയോ മറ്റോ കൊവിഡ് പോസിറ്റീവായ ഒരാളുടെ സ്രവം ആര്‍ടിപിസിആറിലൂടെ വീണ്ടും പരിശോധിക്കേണ്ട ആവശ്യമില്ല. വൈറസ് വ്യാപനം കുറയ്ക്കാനായി രോഗലക്ഷണങ്ങളുള്ളവര്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. ഒരാഴ്ചയിലേറെയായി ഇന്ത്യയില്‍ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.
2021-05-05

