രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കുമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനായി കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. വാക്സിനേഷന്‍ സെന്ററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ ഓണ്‍ലൈന്‍ ബുക്കിംഗിനായി ആദ്യ ഡോസുകാര്‍ക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂ.

സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാക്കുന്നത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഉണ്ടാക്കുമെന്നതിനാല്‍ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ വാക്സിനേഷനായി കേന്ദ്രത്തില്‍ എത്താന്‍ പാടുള്ളൂ. ഓരോ വാക്സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും.

ഇപ്പോള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വാക്സിന്‍ ഏപ്രില്‍ 30ന് മുമ്പായി വാക്സിനേഷനായി ഉപയോഗിക്കണം.ഇപ്പോള്‍ വാങ്ങിയ വാക്സിന്റെ ബാക്കിയുണ്ടെങ്കില്‍ മെയ് ഒന്നു മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി 250 രൂപ നിരക്കില്‍ നല്‍കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിൽ പറയുന്നു.