മാധ്യമങ്ങള്‍ക്ക് ഭാഗിക വിലക്കേര്‍പ്പെടുത്തണം : തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹര്‍ജി

ചെന്നൈ: മാധ്യമങ്ങള്‍ക്ക് ഭാഗിക വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹര്‍ജി. മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് രൂക്ഷ വിമര്‍ശനം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒതുക്കണം, കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

കോവിഡ് രൂക്ഷമാകാന്‍ കാരണം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും, തിരഞ്ഞെടുപ്പ് റാലികള്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലപാതകകുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു.കോവിഡിന്റെ ഈ സാഹചര്യത്തിന്റെ ഏക ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റം ചുമത്തണമെന്നുമുള്ള കോടതിയുടെ വാക്കാലുള്ള അഭിപ്രായങ്ങളാണ് മാധ്യമങ്ങള്‍ പ്രസീദ്ധീകരിച്ചത്. ഇത് ഗുരുതരമായ മുന്‍വിധിക്ക് കാരണമായെന്നും ഇതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.